മനുഷ്യായുസ്സിൽ നമുക്ക് ചെയ്യാവുന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് രക്തദാനം. മരണത്തോട് മല്ലടിച്ച് ജീവന്വേണ്ടി കേഴുന്ന സഹജീവിക്ക് സ്വരക്തംകൊണ്ട് ജീവൻ പകരാൻ സാധിച്ചാൽ അതിനേക്കാൾ മഹത്തായ എന്തു പുണ്യപ്രവൃത്തിയാണ് നമുക്ക് ചെയ്യുവാൻ സാധിക്കുക? രക്തദാനം ജീവദാനം മാത്രമല്ല ആരോഗ്യദായകം കൂടിയാണ്. പതിവായ് രക്തം ദാനം ചെയ്താൽ ഹൃദ്രോഗസാധ്യത കുറയുകയും ആയുർദൈർഘ്യം വർധിക്കുകയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം.
രക്തം അമൂല്യമാണ് മനുഷ്യരക്തത്തിന് പകരമായ് ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാൽ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കിൽ മറ്റൊരാളിന്റെ രക്തം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അവിടെയാണ് രക്തദാനത്തിന്റെ പ്രസക്തി. ജീവിതത്തിന്റെ ഗതിവിഗതികൾ തികച്ചും അപ്രതീക്ഷിതമാകയാൽ ഇന്നു നാം നൽകുന്ന ജീവരക്തം നാളെ നമ്മുടെ പ്രിയപെട്ടവർക്കോ നമുക്കുതന്നെയോ ആവശ്യമായും വന്നേക്കാം.
18 നും 55നും ഇടയിൽ പ്രായമുള്ള 45 കിലോ ഭാരമുള്ള ഏതൊരാൾക്കും മൂന്നുമാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാവുന്നതാണ്. രക്തദാനം ചെയ്താൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ തന്നെ അത്രയും രക്തം ശരീരം പുതിയതായ് ഉൽപ്പാദിപ്പിക്കും. മാത്രമല്ല രക്തദാനം തികച്ചും സുരക്ഷിതവുമാണ്, മലേറിയ, മഞ്ഞപിത്തം, സിഫിലിസ്, പ്രമേഹം, ഹൃദ്രോഗം, രക്താദിമർദ്ദം, HIV, തുടങ്ങിയ രോഗങ്ങളില്ലായെന്ന് പരിശോധിച്ചുറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് രക്തബാങ്കുകളിൽ രക്തം സ്വീകരിക്കുക. അതിനാൽതന്നെ നമ്മുടെ പലരോഗങ്ങളും നമുക്ക് തുടക്കത്തിൽതന്നെ കണ്ടെത്തുവാനും സാധിക്കും.
സ്ത്രീകളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആർത്തവരക്തമുള്ളവർക്കും രക്തദാനത്തിൽനിന്നും വിട്ടുനിൽക്കാവുന്നതാണ്.
രക്തദാനത്തിനായ് സമൂഹത്തെ സന്നദ്ധരാക്കുവാനും ജീവകാരുണ്യപ്രവർത്തങ്ങളിലൂടെ സഹജീവികളുടെ കണ്ണീരൊപ്പുവാനുമായ് സലാലയിലെ സാമൂഹിക -സംസ്കാരിക -ജീവകാരുണ്യപ്രവർത്തനമേഖലയിൽ സജീവമായ യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) ജൂലൈ 8 മുതൽ 22 വരെ രക്തദാന കാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ്. ഈ മഹത്തായ ഉദ്യമത്തിൽ എല്ലാ പ്രവാസീ സുഹൃത്തുകളും പങ്കാളികളാകണമെന്നും യാസ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിൽ പങ്കെടുത്ത് നമ്മുടെ ജീവരക്തത്തിന്റെ ഒരൽപ്പം പ്രിയപ്പെട്ടവർക്കായ് ദാനം ചെയ്യണമെന്നും അപേക്ഷിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 99487798, 95684272.ഓർക്കുക: പണംവാങ്ങി രക്തം വിൽക്കുന്നത് നിയമവിരുദ്ധവും അധാർമികവുമാണ്.

No comments:
Post a Comment