Showing posts with label രക്തദാനം. Show all posts
Showing posts with label രക്തദാനം. Show all posts

Friday, July 15, 2011

'യാസ്'രക്തദാനം ഒന്നാം ഘട്ടക്യാമ്പ് ശ്രദ്ധേയമായി

 സലാല: സലാലയിലെ  യുവജന കൂട്ടായ്മയായ യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച്  നടത്തിയ രക്തദാന ക്യാമ്പ് ടിസ പ്രസിഡന്റ് റസല്‍ മുഹമ്മദ് രക്തം ദാനം നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു.  രാവിലെ എട്ടിനാരംഭിച്ച ക്യാമ്പില്‍ 50 ലധികം യുവാക്കള്‍ രക്തം നല്‍കി.  യുവജനങ്ങള്‍ സ്ഥിരമായി രക്തം നല്‍കാന്‍ സന്നദ്ധമാവുകയാണെങ്കില്‍ ലോകത്ത് രക്തം ലഭ്യമാകാതെ  സംഭവിക്കുന്ന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ  ഹെമറ്റോളജി വിഭാഗത്തിലെ ഡോ. സൈഫുദ്ദീന്‍  അഭിപ്രായപ്പെട്ടു. ലോകത്ത് രക്തത്തിന്റെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സന്നദ്ധസംഘടനകള്‍  ഇടക്കിടെ ഇത്തരത്തിലുള്ള രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വരണം. രക്തദാനത്തിന്റെ പ്രാധാന്യം കാമ്പയിനിലൂടെ സമൂഹത്തിലെ എല്ലാവരിലുമെത്തേണ്ടതുണ്ട്. ആരോഗ്യവാനായ വ്യക്തിക്ക് വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യം രക്തദാനം നിര്‍വഹിക്കാവുന്നതാണ്.  രക്തദാനം നടത്തിയ വ്യക്തിയുടെ ശരീരത്തില്‍  അടുത്ത 24 മണിക്കൂറിനുള്ളില്‍  പഴയ അളവില്‍ വീണ്ടും ഉല്‍പാദിപ്പിക്കപ്പെടുന്നതാണ്.  ഇത്തരം കാമ്പയിനുകള്‍ രക്തംദാനം  ചെയ്യാന്‍ മടിയുള്ളവര്‍ക്കും ഭയപ്പാടോടെ കാണുന്നവര്‍ക്കും അത് മാറ്റിയെടുക്കാന്‍ സഹായകമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മഹദ്‌സംരംഭവുമായി മുന്നോട്ട് വന്ന യാസ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
 ക്യാമ്പ് വരും ദിവസങ്ങളിലും  തുടരുമെന്ന് 'യാസ്' ജനസേവന വിഭാഗം കണ്‍വീനര്‍ ശബീര്‍ പി.ടി. അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് 99487798  എന്ന നമ്പറില്‍ ബന്ധപ്പെടാം. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജായ അന്‍സാരിയുടെ സേവനങ്ങള്‍ക്ക് യാസ് നന്ദി പറഞ്ഞു. യാസ് പ്രസിഡന്റ് ജി.സലീം സേട്ട്, ജനറല്‍ സെക്രട്ടറി കെ.ജെ സമീര്‍, സെക്രട്ടറി എഞ്ചിനീയര്‍ അബ്ദുല്ലാ മുഹമ്മദ്, ജനസേവന വിഭാഗം കണ്‍വീനര്‍ പി.ടി. ശബീര്‍ എന്നിവര്‍  രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.

Sunday, July 10, 2011

"രക്തദാനം ജീവദായകം" രക്തദാന കാമ്പയിൻ ജൂലൈ 8 മുതൽ 22 വരെ

    മനുഷ്യായുസ്സിൽ നമുക്ക് ചെയ്യാവുന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് രക്തദാനം. മരണത്തോട് മല്ലടിച്ച് ജീവന്‌വേണ്ടി കേഴുന്ന സഹജീവിക്ക് സ്വരക്തംകൊണ്ട് ജീവൻ പകരാൻ സാധിച്ചാൽ അതിനേക്കാൾ മഹത്തായ എന്തു പുണ്യപ്രവൃത്തിയാണ് നമുക്ക് ചെയ്യുവാൻ സാധിക്കുക? രക്തദാനം ജീവദാനം മാത്രമല്ല ആരോഗ്യദായകം കൂടിയാണ്. പതിവായ് രക്തം ദാനം ചെയ്താൽ ഹൃദ്രോഗസാധ്യത കുറയുകയും ആയുർദൈർഘ്യം വർധിക്കുകയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം.
   രക്തം അമൂല്യമാണ് മനുഷ്യരക്തത്തിന് പകരമായ് ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാൽ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കിൽ മറ്റൊരാളിന്റെ രക്തം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അവിടെയാണ് രക്തദാനത്തിന്റെ പ്രസക്തി. ജീവിതത്തിന്റെ ഗതിവിഗതികൾ തികച്ചും അപ്രതീക്ഷിതമാകയാൽ ഇന്നു നാം നൽകുന്ന ജീവരക്തം നാളെ നമ്മുടെ പ്രിയപെട്ടവർക്കോ നമുക്കുതന്നെയോ ആവശ്യമായും വന്നേക്കാം.
     18 നും 55നും ഇടയിൽ പ്രായമുള്ള 45 കിലോ ഭാരമുള്ള ഏതൊരാൾക്കും മൂന്നുമാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാവുന്നതാണ്. രക്തദാനം ചെയ്താൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ തന്നെ അത്രയും രക്തം ശരീരം പുതിയതായ് ഉൽപ്പാദിപ്പിക്കും. മാത്രമല്ല രക്തദാനം തികച്ചും സുരക്ഷിതവുമാണ്, മലേറിയ, മഞ്ഞപിത്തം, സിഫിലിസ്, പ്രമേഹം, ഹൃദ്രോഗം, രക്താദിമർദ്ദം, HIV, തുടങ്ങിയ രോഗങ്ങളില്ലായെന്ന് പരിശോധിച്ചുറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് രക്തബാങ്കുകളിൽ രക്തം സ്വീകരിക്കുക. അതിനാൽതന്നെ നമ്മുടെ പലരോഗങ്ങളും നമുക്ക് തുടക്കത്തിൽതന്നെ കണ്ടെത്തുവാനും സാധിക്കും.
   സ്ത്രീകളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആർത്തവരക്തമുള്ളവർക്കും രക്തദാനത്തിൽനിന്നും  വിട്ടുനിൽക്കാവുന്നതാണ്.
   രക്തദാനത്തിനായ് സമൂഹത്തെ സന്നദ്ധരാക്കുവാനും ജീവകാരുണ്യപ്രവർത്തങ്ങളിലൂടെ സഹജീവികളുടെ കണ്ണീരൊപ്പുവാനുമായ് സലാലയിലെ സാമൂഹിക -സംസ്കാരിക -ജീവകാരുണ്യപ്രവർത്തനമേഖലയിൽ സജീവമായ യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) ജൂലൈ 8 മുതൽ 22 വരെ രക്തദാന  കാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ്. ഈ മഹത്തായ ഉദ്യമത്തിൽ എല്ലാ പ്രവാസീ സുഹൃത്തുകളും പങ്കാളികളാകണമെന്നും യാസ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിൽ പങ്കെടുത്ത് നമ്മുടെ ജീവരക്തത്തിന്റെ ഒരൽപ്പം പ്രിയപ്പെട്ടവർക്കായ് ദാനം ചെയ്യണമെന്നും അപേക്ഷിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 99487798, 95684272.
ഓർക്കുക: പണംവാങ്ങി രക്തം വിൽക്കുന്നത് നിയമവിരുദ്ധവും അധാർമികവുമാണ്.