Thursday, July 7, 2011

സ്വാശ്രയ വിദ്യാഭ്യാസം: ഇരുമുന്നണികളും ജനവഞ്ചന അവസാനിപ്പിക്കണം -യാസ്


സലാല: സ്വാശ്രയ മെഡിക്കല്‍എഞ്ചിനീയറിംഗ് ഫീസ് ഘടനയും പ്രവേശനവും വര്‍ഷങ്ങളായി വിവാദ കോലാഹലങ്ങളിലൂടെ പരിഹാരം കാണാൻ കഴിയാത്ത പ്രശ്‌നമാക്കി നിലനിര്‍ത്തുന്ന ഭരണപ്രതിപക്ഷ കക്ഷികളുടെ ജനവഞ്ചന അവസാനിപ്പിക്കണമെന്ന് യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) സെന്‍ട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.  ഇരുമുന്നണികളും നാളിതുവരെ നടത്തിക്കൊണ്ടിരിക്കുന്ന സമരനാടകങ്ങളും ആത്മാര്‍ഥതയില്ലാത്ത നടപടികളും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.
സ്വാശ്രയ സ്ഥാപനങ്ങൾ അക്കാദമിക രംഗത്തും സാമുഹ്യസാംസ്‌കാരിക മേഖലയിലും സൃഷ്ടിച്ച മാറ്റങ്ങൾ വിലയിരുത്തി വേണം പുതിയ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക്  എന്‍.ഒ.സി നല്‍കാൻ . അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ കുത്തകസ്ഥാപനങ്ങള്‍ക്ക്  അനുമതി നല്‍കാനുള്ള ശ്രമം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിലേക്ക് നയിക്കും. ഇത്തരം ജനവിരുദ്ധ സമീപനത്തിനെതിരെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് യാസ് സെന്‍ട്രൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
രക്തദാന കാമ്പയിന്‍ , ആരോഗ്യബോധവല്‍ക്കരണം മെഡിക്കൽ ക്യാമ്പ്, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള ആശ്വാസ പ്രവര്‍ത്തനങ്ങൾ തുടങ്ങിയ പരിപാടികളോടെ ജൂലൈ മാസം ജനസേവന മാസമായി ആചരിക്കും. പ്രസിഡണ്ട്  ജി.സലീം സേഠ് അദ്ധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി കെ.ജെ സമീർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

1 comment:

Anonymous said...
This comment has been removed by a blog administrator.