Wednesday, July 13, 2011

യാസ് ആരോഗ്യ ബോധവല്‍ക്കരണ കാമ്പയിന്‌ തുടക്കമായി

സലാല: യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) ഈ മാസം 8 മുതല്‍  31 വരെ നടത്തുന്ന ആരോഗ്യബോധവല്‍ക്കരണ കാമ്പയിന്‌ തുടക്കമായി. രകത്ദാനത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള  ലഘുലേഖ വിതരണം, ബോധവല്‍ക്കരണ സ്ക്വാഡുകള്‍ എന്നിവയ്ക്ക് സമൂഹത്തിന്റെ നാനതുറകളിലുള്ളവരില്‍ നിന്ന് വമ്പിച്ച സ്വീകരണമാണ്‌ ലഭിക്കുന്നതെന്ന് കാമ്പയിന്‍ കണ്‍വീനര്‍ ശബീര്‍ പി.ടി. വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രകതദാനം ജീവദായകം മാത്രമല്ല ആരോഗ്യദായകം കൂടിയാണെന്ന കാര്യം പലര്‍ക്കും പുതിയ അറിവായിരുന്നു. 18 നും 55നും ഇടയിൽ പ്രായമുള്ള 45 കിലോ ഭാരമുള്ള ഏതൊരാൾക്കും മൂന്നുമാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാവുന്നതാണ്. രക്തം ദാനം ചെയ്താൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ തന്നെ അത്രയും രക്തം ശരീരം പുതിയതായി ഉൽപ്പാദിപ്പിക്കും. മാത്രമല്ല രക്തദാനം തികച്ചും സുരക്ഷിതവുമാണ്. മലേറിയ, മഞ്ഞപിത്തം, സിഫിലിസ്, പ്രമേഹം, ഹൃദ്രോഗം, രക്താദിമർദ്ദം, HIV+ തുടങ്ങിയ രോഗങ്ങളില്ലായെന്ന് പരിശോധിച്ചുറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് രക്തബാങ്കുകളിൽ രക്തം സ്വീകരിക്കുക. അതിനാൽതന്നെ നമ്മുടെ പല രോഗങ്ങളും നമുക്ക് തുടക്കത്തിൽതന്നെ കണ്ടെത്തുവാനും സാധിക്കും.  പതിവായി രക്തം ദാനം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത  കുറയ്ക്കുമെന്നും ആയുര്‍ദൈര്‍ഘ്യം കൂട്ടുമെന്നുള്ള വൈദ്യശാസ്ത്ര കണ്ടെത്തല്‍ കാമ്പയിനിലൂടെ വിശദീകരിച്ചപ്പോള്‍ രക്തദാനത്തെ ഭയപ്പാടോടെ കണ്ടിരുന്ന പലരും ആവേശപൂര്‍വ്വം മുന്നോട്ട് വന്നതായി പറഞ്ഞ അദ്ദേഹം ഈ മഹത്തായ ഉദ്യമത്തില്‍ എല്ലാ പ്രവാസീ സുഹൃത്തുക്കളും പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിച്ചു.  സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് ഈ മാസം 15 ന്‌ വെള്ളിയാഴ്ച നടക്കുന്ന രക്തദാന കാമ്പയിന്‌  ഇതുവരെ രജിസ്‌റ്റര്‍ ചെയ്ത എല്ലാവരും  അന്നേ ദിവസം രാവിലെ   എട്ടരക്ക് ആശുപത്രിയിലെത്തിച്ചേരണമെന്നും അദ്ദേഹം അറിയിച്ചു. കാമ്പയിന്റെ  സമാപനത്തോടനുബന്ധിച്ച് വിപുലമായ മെഡിക്കല്‍ ക്യാമ്പും  സംഘടിപ്പിക്കുന്നുണ്ട്. വിശദാംശങ്ങള്‍ക്ക്  99487798, 95684272 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.