സലാല: യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) കടുത്ത ക്ഷാമം കാരണം ദുരിതമനുഭവിക്കുന്ന സോമാലിയന്‍ ജനതയെ സഹായിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച കാമ്പയിനിലൂടെ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ഒമാന്‍ സിവില്‍ റിലീഫ് ഇനിഷ്യേറ്റീവ് പ്രതിനിധികള്‍ക്ക് കൈമാറി. സലാലയിലെ പ്രവാസികള്‍ക്കിടയില്‍ നാല് ആഴ്ചയോളം നടത്തിയ റിലീഫ് കാമ്പയിനിലൂടെ ലഭ്യമായ മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ യാസ് ജനസേവനവിഭാഗം കണ്‍വീനര്‍ സബീര്‍ പി.ടി. സൊമാലിയൻ സ്ഥാപനമായ ആഫ്രിക്കന്‍ ഹോണ്‍സ് കമ്പനി ഓപ്പറേഷന്‍ മാനേജര്‍ ഒമര്‍ മൂസക്ക് കൈമാറി.
ചടങ്ങില്‍ ഐ.എം.ഐ. വൈസ് പ്രസിഡന്റ് കെ. ഷൗക്കത്തലി, യാസ് വൈസ് പ്രസിഡന്റ് വജ്ഹുല്‍ ഹലീം തുടങ്ങിയവർ പങ്കെടുത്തു. കടല്‍മാര്‍ഗം സലാലയില്‍നിന്നുയമക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബൊസാസു റഫ്യൂജി ക്യാമ്പിലെത്തിക്കുമെന്ന് ഒമര്‍ മൂസ അറിയിച്ചു. സോമാലിയയിലെ പ്രധാന ചാരിറ്റി സംഘടനയായ സംസമിന്റെ വളണ്ടിയര്‍മാരിലൂടെയാണ് ദുരിതാശ്വാസ സാമഗ്രികള്‍ ക്ഷാമബാധിതരിൽ വിതരണം ചെയ്യുന്നത്. കാമ്പയിനിലൂടെ പിരിഞ്ഞു കിട്ടിയ തുക ഒമാന്‍ സിവില്‍ റിലീഫ് ഇനിഷ്യേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ അലാവി അക്വീല്‍ ബാ ഒമറിന് യാസ് പ്രസിഡന്റ് സലീം സേട്ട് കൈമാറി. ഇത്തരമൊരു ജീവകാരുണ്യപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ യൂത്ത് അസോസിയേഷന്‍ ഓഫ് സലാലയെ അലവി ബാഒമര്‍ അനുമോദിച്ചു. ദുരിതാശ്വാസ സംരംഭവുമായി സഹകരിച്ച മുഴുവന്‍ പേര്‍ക്കും യാസ് പ്രസിഡന്റ് സലീം സേട്ട് നന്ദി അറിയിച്ചു.


