സലാല: പെട്രോള്‍ വില നിര്‍ണ്ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ ശേഷം ഇപ്പോള്‍ മൂന്ന് രൂപയിലധികം വില വര്‍ധിപ്പിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന മട്ടില്‍ നിഷ്ക്രിയരായിരുന്നുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് യാസ് (യൂത്ത് അസോസിയേഷന്‍ ഓഫ് സലാല) സെക്രട്ട്രേറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ക്രൂഡ് ഓയിലിന് അന്ത്രാരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചപ്പോഴെക്കെ ആനുപാതികമായി വിലകൂട്ടിയ എണ്ണക്കമ്പനികള്‍ വിപണി വില കുറഞ്ഞപ്പോള്‍ വില കുറച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇത്തരം പകല്‍ കൊള്ളയും ജനദ്രോഹ നടപടികളും കേന്ദ്രഗവണ്‍മെന്റും കോര്‍പറേറ്റ് കമ്പനികളും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ്. ഈയിടെ പൂറത്ത് വന്ന സി.എ.ജി റിപ്പോര്‍ട്ടും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. പെട്രോളിയം മന്ത്രി കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയനുസരിച്ച് നമ്മുടെ രാജ്യത്തെ പെട്രോള്‍ വില അയല്‍ രാജ്യങ്ങളുടേതിനേക്കാള്‍ കൂടുതലാണെന്നാണ്. മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമായ ഇന്ത്യ, ഇപ്പോള്‍ തന്നെ വിലവര്‍ധനയില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാന്‍ എണ്ണക്കമ്പനികളെ കയറൂരി വിടുന്ന നടപടി അവസാനിപ്പിച്ച് വിലനിര്‍ണ്ണയാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും വേണം. ശക്തമായ പൊതുജന പ്രക്ഷോഭം നടത്തിയാല്‍ മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യാസ് സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.
No comments:
Post a Comment