Tuesday, April 10, 2012

യൂത്ത് അസോസിയേഷന്‍ ഓഫ് സലാല യാസ് ഫെസ്റ്റ് നടത്തി

സലാല . യൂത്ത് അസോസിയേഷന്‍ ഓഫ് സലാല സംഘടിപ്പിച്ച യാസ് ഫെസ്റ്റ് യുവജനങ്ങളുടെ സര്‍ഗാവിഷ്കാരങ്ങളുടെ സംഗമവേദിയായി. വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ സദസ്യര്‍ക്ക് ആസ്വാദ്യകരവും പ്രവാസ ജീവിതത്തിന്റെ വിരസതയും ആലസ്യവും അകറ്റി. ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രവാസി കൌണ്‍സില്‍ സലാല പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. യുവാക്കളില്‍ ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ പ്രയത്നിക്കുന്ന യാസ് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ ഒരുക്കിക്കൊടുക്കുന്നത് പ്രശംസനീയമാണ്. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ സലാലയിലെ സാമൂഹിക - സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാകാന്‍ യാസിന് ഇതിനകം സാധിച്ചിട്ടുണ്ട്. യുവാക്കളുടെ കര്‍മശേഷി ക്രിയാത്മകമായി പ്രയോജനപ്പെടുത്തി യാസ് നടത്തിവരുന്ന പരിപാടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

യാസ് പ്രസിഡന്റ് അര്‍ഷദ് കെ.പി. അധ്യക്ഷത വഹിച്ചു. ഐഎംഐ മുന്‍ പ്രസിഡന്റ് സി.പി. ഹാരിസ്, ഏഷ്യാ എക്സ്പ്രസ് ഏരിയ മാനേജര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യാസിന്റെ ലോഗോ പ്രകാശനവും മെംബര്‍ഷിപ് വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു.

കവയിത്രി ഫാത്തിമാദോഫാര്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കവിതാലാപനം നടത്തി. ഗാനമേള, സ്കിറ്റ്, കവിത, നാടകം തുടങ്ങി വിവിധ കലാരൂപങ്ങള്‍ അരങ്ങേറി. യാസ് കലാവേദി കണ്‍വീനര്‍ ജി. സലീം സേട്ട് സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments: