Wednesday, May 18, 2011

മലയാളം വേഗത്തിൽ ടൈപ്പ്ചെയ്യാൻ കീമാജിക്


കടപ്പാട്: അപ്പു എന്ന ബ്ലോഗർ നാമത്തിൽ ബൂലോകത്തറിയപ്പെടുന്ന ഷിബു കടശ്ശനാടിന്റെ ആദ്യാക്ഷരി എന്ന ബ്ലോഗിൽന്നിന്നും മലയാളത്തിലെ സാങ്കേതിക ചർച്ചാവേദിയായ സൈബർജാലകത്തിൽനിന്നും എടുത്ത് പോസ്റ്റ് ചെയ്തതാണീ ലേഖനം.

മലയാളത്തിൽ ടൈപ്പു ചെയ്യാനായി ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ടു രീതികളാണല്ലോ ട്രാൻസ്‌ലിറ്ററേഷനും ഇൻ‌സ്ക്രിപ്റ്റ് കീബോർഡുകളും.  ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയാത്തവർക്കായി ചുരുക്കത്തിൽ വിശദമാക്കാം. മംഗ്ലിഷിൽ ഒരു മലയാളം വാക്കെഴുതി അതിന്റെ തത്തുല്യമായ ശബ്ദാനുകരണം മലയാളത്തിൽ കിട്ടുന്നതിനെയാണ് ട്രാൻസ്‌ലിറ്ററേഷൻ എന്നു വിളിക്കുന്നത്. ഉദാഹരണം  kakka = കാക്ക,  poochcha = പൂച്ച. ശബ്ദങ്ങൾക്കനുസരിച്ച് അക്ഷരങ്ങളില്ലാത്ത ഇംഗീഷ് ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു മലയാളം വാക്ക് എഴുതുമ്പോൾ കണക്കിലധികം കീസ്ട്രോക്കുകൾ വേണ്ടിവരുന്നു എന്നതാണ് ട്രാൻസ്‌ലിറ്ററേഷൻ രീതിയെപ്പറ്റിയുള്ള ഒരു ആക്ഷേപം. എന്നാൽ കീബോർഡിൽ നോക്കാതെ മിനിറ്റിൽ നാൽ‌പ്പതും അൻ‌പതും വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പു ചെയ്യാൻ കഴിയുന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേയല്ല എന്നതാണു വാസ്തവം! മനസിൽ ഉദ്ദേശിക്കുന്ന മലയാളം വാക്കുകൾ വിരൽത്തുമ്പിലേക്ക് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ താനേ ഒഴുകിവന്നുകൊള്ളും!  ഇൻ‌സ്ക്രിപ്റ്റ് രീതിയിൽ മലയാളത്തിലെ ഓരോ അക്ഷരത്തിനും ഇംഗ്ലീഷ് കീബോർഡിലെ ഓരോ കീകൾ നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ട് ഒരു മലയാളം വാക്ക് എഴുതാൻ ആവശ്യമായി വരുന്ന കീസ്ട്രോക്കുകളുടെ എണ്ണം ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിമ്പോൾ വേണ്ടിവരുന്നതിനേക്കാൾ നന്നേ കുറവാണ്. ഇങ്ങനെ മലയാളത്തിലെ ഓരോ അക്ഷരങ്ങളും ഓർത്തിരിക്കുവാൻ ബുദ്ധിമുട്ടല്ലേ എന്നു ചിന്തിക്കുന്ന വായനക്കാരുണ്ടാവാം. സത്യത്തിൽ ഇവിടെയും മനുഷ്യമസ്തിഷ്കത്തിന്റെ അസാധാരണമായ ചില കഴിവുകളാണ് സഹായത്തിനെത്തുന്നത്. കുറച്ചു പ്രാക്റ്റീസിനുശേഷം ഓരോ മലയാള അക്ഷരത്തിനും വേണ്ട കീകൾ ഏതൊക്കെയെന്ന് തലച്ചോറും വിരലുകളും കൂടി ഒന്നായി പ്രവർത്തിച്ച് മനസ്സിലാക്കിക്കൊള്ളും. ചുരുക്കത്തിൽ ഏതുരീതിയിൽ എഴുതിയാലും പ്രത്യേകിച്ച് വിശേഷമോ ദോഷമോ ഇല്ല - ഓരോരുത്തരുടെയും സൌകര്യം പോലെ ആ രീതി തിരഞ്ഞെടുക്കാം എന്നു സാരം. ആദ്യാക്ഷരിയിൽ മലയാളം എഴുതാൻ പഠിക്കാം എന്ന സെക്ഷനിൽ വിവരിച്ചിരിക്കുന്ന വിവിധ രീതികളിൽ, കീമാൻ, വരമൊഴി, ഗൂഗിൾ ഇൻപുട്ട് മെതേഡ് തുടങ്ങിയവ ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ പ്രവർത്തിക്കുന്ന പ്രോഗ്രാമുകളാണ്. 


മൊഴികീമാപ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കീമാനും വരമൊഴിയും, മലയാളം ബ്ലോഗുകൾ ഇന്നുകാണുന്ന രീതിയിൽ വിപുലപ്പെടുവാൻ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ പ്രവർത്തിക്കുന്ന കീമാൻ വിന്റോസ് എക്സ്പി വേർഷൻ വരെ യാതൊരു പ്രശ്നങ്ങളുമില്ലാതെ മലയാളം ടൈപ്പിംഗിനു പ്രയോജനപ്പെടുകയും ചെയ്തുപോന്നു. എന്നാൽ  വിൻഡോസ് വിസ്റ്റയും, വിൻഡോസ് -7നും ഇറങ്ങിയതൊടെ കീമാൻ പ്രശ്നക്കാരനായി. കീമാൻ പ്രൊപ്രൈറ്ററി സൊഫ്റ്റ്‌വെയർ ആയതിനാൽ അതിനായി മലയാളത്തിന്റെ പുതുക്കിയ വേർഷൻ ഇറക്കുന്നത് അതിലേറെ പ്രശ്നമായി.  


മലയാളം വിക്കിപീഡിയനായ ജുനൈദ് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരവുമായി എത്തുന്നു. കീമാജിക്ക് എന്നപേരിൽ കഴിഞ്ഞയാഴ്ക പബ്ലിഷ് ചെയ്ത ഈ സോഫ്റ്റ്‌വെയർ, ബർമ്മക്കാരായ ചില വിക്കി പ്രവർത്തകരാണു് ആദ്യമായി വികസിപ്പിച്ചത്. ഈ സ്പോഫ്റ്റ്‌വെയറിൽ, ജുനൈദ് മലയാളത്തിനായി ടൈപ്പിങ്ങ് സ്കീമുകൾ എഴുതിയുണ്ടാക്കി (മൊഴി സ്കീമും, ഇൻസ്ക്രിപ്റ്റും) കസ്റ്റമൈസ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ വിശദവിവരങ്ങളാണ് ഈ പോസ്റ്റിൽ ചർച്ചചെയ്യാൻ പോകുന്നത്. 


കീമാനിൽനിന്നു വ്യത്യസ്തമായി കീമാജിക് ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറാണു്. അതിനാൽ ഭാവിയിൽ കൂടുതൽ സൗകര്യം ഒരുക്കാം എന്ന സവിശേഷതയുണ്ട്. വിൻഡോസ് എക്സ്പി, വിസ്റ്റ, വിൻഡോസ് -7 എന്നിവയിൽ ഇതു പരീക്ഷിച്ചു.  കുഴപ്പമില്ലാതെ പ്രവർത്തിക്കൂന്നുണ്ട് എന്നാണ് ഇതുവരെയുള്ള ഫീഡ്‌ബാക്ക്.




കീമാജിക് ഉപയോഗിക്കുന്ന വിധം:
കീമാജിക് എനേബിൾ ആയാൽ ഉടൻ തന്നെ സിസ്റ്റം ട്രേയിൽ ഒരു ഐക്കൺ പ്രത്യക്ഷമാകും.   ഇളം നീല നിറത്തിൽ അ എന്ന അക്ഷരത്തിന്റെ ചിഹ്നമാണിതിൽ ഉള്ളത്. Transliteration രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ,  CTRL + M അമർത്തിയാൽ മൊഴി സ്കീം പ്രവർത്തനക്ഷമം ആകും.  വിക്കിപീഡിയയിൽ CTRL + M ഉപയോഗിക്കുന്നതിനാൽ ഇവിടെയും അത് ഉപയോഗിച്ചു എന്ന് മാത്രം. ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കുക.  ഇപ്പോൾ രണ്ടു സ്കീമേ ചേർത്തിട്ടുള്ളൂ എങ്കിലും ഭാവിയിൽ എത്ര വേണമെങ്കിലും ചേർക്കാനുള്ള സൗകര്യം ഉണ്ട്. അതേ പോലെ ഗിനു/ലിനക്സ് വ്വേർഷനും മാക്ക് വേർഷനും ഒക്കെ താമസിയാതെ ഇറക്കുന്നതാണ്.


നോട്ട് പാഡ്, ബ്രൗസർ, വേർഡ്, ഓപ്പണോഫീസ്, ബ്ലോഗിലെ കമെന്റ് ബോക്സ് തുടങ്ങി നമ്മൾ സാധാരണ മലയാളം ടൈപ്പ് ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ ഇത് പരീക്ഷിച്ചു നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നതായി കണ്ടു. 


നിങ്ങളിൽ വിൻഡോസ് മലയാളം ടൈപ്പ് ചെയ്യുന്നവർ ഇത് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് നോക്കാൻ താല്പര്യപ്പെടുന്നു. അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുക. കുറേയേറെ കുഴപ്പങ്ങൾ ഞങ്ങൾ കുറച്ച് പേർ ചേർന്ന് കണ്ടെത്തി പരിഹരിച്ചിരുന്നു.

ടെസ്റ്റ് ചെയ്ത് നിങ്ങൾ കണ്ടെത്തുന്ന കുഴപ്പങ്ങൾ help@mlwiki.in എന്ന ഐഡിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. കീമാൻ മലയാളത്തിനായി വികസിപ്പിച്ച ജുനൈദിന്റേയും പ്രാഥമിക ടെസ്റ്റിങ്ങ് നടത്തിയവരുടേയും കണ്ണിൽ പെടാതെ പോയ പ്രശ്നങ്ങൾ ഉണ്ടാവാം. പ്രശ്നങ്ങളെല്ലാം  help@mlwiki.in ലേക്ക് അയക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് ഏറ്റവും അടുത്ത് ദിവസം തന്നെ പുറത്തിറക്കുന്നതാണ്.  

ചിലകുറിപ്പുകൾ:
  • ചില്ലക്ഷരങ്ങളായ ൻ,ർ,ൾ,ൺ, ൽ എന്നിവ യഥാക്രമം n, r, L, N, l എന്നീ അക്ഷരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 
  • ചന്ദ്രക്കല കിട്ടാൻ അതാതു ചില്ലക്ഷരത്തിനു ശേഷം ~ ചിഹ്നനം ഉപയോഗിക്കണം. 
  • ഋ (ഋ-വിന്റെ ചിഹ്നനവും) കിട്ടാൻ R ഉപയോഗിക്കണം. 
  • ഞ്ഞ കിട്ടാൻ njnja ഉപയോഗിക്കണം. ഇരട്ട അക്ഷരങ്ങൾക്കെല്ലാം ഇതേ രീതി പിന്തുടരണം.
  • ചില്ലിനുശേഷം വ എന്ന അക്ഷരം വരുമ്പോൾ അവതമ്മിൽ വേർപിരിക്കുവാൻ underscore ഉപയോഗിക്കണം. ഉദാ: അൻവർ എന്ന് കിട്ടാൻ an_var എന്ന് ടൈപ്പ് ചെയ്യണം
  • ഇരട്ട അക്ഷരങ്ങളെല്ലാം അതാതു ഒറ്റയക്ഷരങ്ങളുടെ ആവർത്തനാമായേ ലഭിക്കൂ. കീമാനിലെപ്പോലെ ക്യാപ്പിറ്റൽ ലെറ്റർ വർക്ക് ചെയ്യില്ല. ഉദാ: ങ്ങ = ngnga, ച്ച = chcha 
ഇങ്ങനെ ഒരു സ്വതന്ത്രസൊഫ്റ്റ്‌വെയർ ഇറക്കിയ ബർമ്മീസ് സഹപ്രവർത്തകർക്കും ഇത് മലയാളത്തിനായി കസ്റ്റമൈസ് ചെയ്ത ജുനൈദിനും, ഈ സോഫ്റ്റ്വെയർ ബ്ലോഗിൽ പബ്ലിഷ് ചെയ്ത ഷിജു അലക്സിനും അഭിനന്ദനങ്ങൾ.

ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം ഇവിടെ കാണാം. http://upload.wikimedia.org/wikipedia/commons/1/10/Lipi_ml.png

കീമാജിക്ക് ഉപയോഗിച്ച് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ ടൈപ്പു ചെയ്യുന്നത് കീമാൻ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നതിൽനിന്നും വളരെയൊന്നും വ്യത്യസ്തമല്ല.  മൊഴി ലിപ്യന്തരണത്തിന്റെ നിയമങ്ങൾ മലയാളം വിക്കിപീഡിയയിലെ ഉപകരണത്തിൽ നിന്നും കടം കൊണ്ടവയാണ്. അതുകൊണ്ട് ചില കൂട്ടക്ഷരങ്ങൾ എഴുതുന്നതിൽ ചില്ലറ വ്യതിയാനങ്ങൾ ഉണ്ട്. അവയെപ്പറ്റി പിന്നാലെ വിശദീകരിക്കാം. R എന്ന കീസ്ട്രോക്ക് ‘ഋ‘ എന്ന അക്ഷരത്തിനായി മാറ്റിയിരിക്കുന്നു എന്നതാണ് പ്രധാനമായ ഒരു വ്യത്യാസം. ട്രാൻസ്‌ലിറ്ററേഷൻ രീതിയല്ലാതെ, ഇൻസ്‌ക്രിപ്റ്റ് രീതിയിൽ ടൈപ്പു ചെയ്യുവാൻ ആഗ്രഹമുള്ളവർ വിഷമിക്കേണ്ട. അതിനുള്ള സംവിധാനവും കീമാജിക്കിൽ ഉണ്ട്. 

രണ്ടുരീതിയിൽ കീമാജിക് ഇൻസ്റ്റാൾ ചെയ്യാം. ഒരു കമ്പ്യൂട്ടറിലേക്ക് നേരിട്ട് ഈ പ്രോഗ്രാം മാത്രം ഇൻസ്റ്റാൾ ചെയ്യണമെന്നുള്ളവർക്ക്  താഴെ  കൊടുത്തിരിക്കുന്ന ഇൻസ്റ്റാളർ ഉപയോഗിക്കാം. 
  • കീമാജിക്ക്  (മലയാളം) മാത്രമായി പാക്ക് ചെയ്ത് ഇൻസ്റ്റാളർ  ഇവിടെ കിട്ടും:
  •  Key magic 1.4 setup

  • ഈ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ keymagic -1.4 Malayalam-setup.exe എന്ന ഫയലിലേക്കുള്ള ലിങ്ക് ലഭിക്കും. അതിൽ ക്ലിക്ക് ചെയ്റ്റാലുടൻ ഇൻസ്റ്റലേഷൻ പ്രോഗ്രാമിന്റെ ഫയൽ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൌൺലോഡ് ചെയ്യപ്പെടും. ഡൌൺലോഡ് പൂർത്തിയായാൽ ആ ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക. (ചില ബ്രൗസറിൽ നേരിട്ട് താഴെക്കാണുന്ന ഡയലോഗ് ബോക്സ് തുറക്കുകയാവും ചെയ്യുക) ഒരു പുതിയ ഡയലോഗ് ബോക്സ് തുറന്ന് വരും. അതിലെ Run എന്ന ബട്ടൺ ക്ലിക്ക് ചെയ്യൂ. 


തുടർന്നുവരുന്ന സ്ക്രീനുകളിലെ ലൈസൻസ് എഗ്രിമെന്റ് ആക്സെപ്റ്റ് ചെയ്യുക. അതിനുശേഷം Next ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും. സെക്കന്റുകൾക്കുള്ളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും. അവസാനത്തെ സ്ക്രീനിനും മുമ്പായി ഡെസ്ക് ടോപ്പിലും ക്വിക്ക് ലോഞ്ച് പാഡിലും കീമാജിക്കിന്റെ ഐക്കൺസ് ചേർക്കട്ടയോ എന്നൊരു ചോദ്യം വരും.  ഇതു രണ്ടും ടിക്ക് ചെയ്തേക്കുക. ഇപ്രകാരം ചെയ്താൽ കീമാജിക്കിന്റെ ഐക്കൺ ഡെസ്ക്ടോപ്പിൽ കിട്ടും. ഇനിയും എപ്പോഴെങ്കിലും കീമാജിക് സ്റ്റാർട്ട് ചെയ്യേണ്ടിവരുമ്പോൾ ഈ ഐക്കണുകൾ ഉപയോഗിക്കാം.


ഇൻസ്റ്റലേഷൻ പൂർത്തിയായി എന്നുകാണിക്കുന്ന മെസേജിനു ശേഷം ഒരു സ്ക്രീൻ കൂടി ലഭിക്കും. കീമാജിക്കിനെ മലയാളം ടൈപ്പു ചെയ്യുന്ന രീതിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഒരു ഷോർട്ട് കട്ട് കീ ഉപയോഗിച്ച് സ്വിച്ച് ചെയ്യാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യാനുള്ള സ്ക്രീനാണിത്. ഡിഫോൾട്ടായി Ctrl +M എന്ന കീ കോമ്പിനേഷനാണ് ട്രാൻസ്‌ലിറ്ററേഷൻ സ്വിച്ചിംഗിനായി നൽകിയിരിക്കുന്നത്. ഇതുവേണമെങ്കിൽ മാറ്റി നിങ്ങൾക്ക് ഇഷ്ടമുള്ള കീ കോമ്പിനേഷൻ സേവ് ചെയ്യാം. ഇൻസ്ക്രിപ്റ്റ് രീതിയിലെ കീബോർഡ് വേണം എന്നുള്ളവർക്ക് Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കാം.

മേൽപ്പറഞ്ഞരീതിയിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതെ കീമാജിക്കിന്റെ സെറ്റപ് ഫയലുകൾ മുഴുവൻ വേണം എന്നുള്ളവർക്ക് താഴെപ്പറയുന്ന ലിങ്കിൽ നിന്ന് അവ മൊത്തമായി ഒരു സിപ് ഫയലായി ലഭിക്കും.

  •  സിപ്പ് ഫയൽ വേണമെന്നുള്ളവർക്ക് ഇവിടെനിന്ന് ഡൌൺലോഡ് ചെയ്യാം   Keymagic zip file സിപ് ഫയൽ അൺ-സിപ് ചെയ്ത് ആ ഫോൾഡറിലെ keymagic.exe ഫയൽ ഡബിൾ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും. 

മൊഴി സ്കീമിന്റെ ചിത്രം :



ഇൻസ്ക്രിപ്റ്റ്


ഇൻസ്ക്രിപ്റ്റിന്റെ പുതുക്കിയ വേർഷൻ ഇപ്പ്പോഴും ഡ്രാഫ്റ്റ് സ്റ്റേജിൽ തന്നെ ആയതിനാൽ ഈ ടൂളിൾ അതിന്റെ കീമാപ്പ് നിലവിൽ പ്രാബല്യത്തിലുള്ള ഇൻസ്ക്രിപ്റ്റ് കീമാപ്പ് പോലെ തന്നെയാക്കി.

ഈ ടൂളിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസ്ക്രിപ്റ്റ് കീമാപ്പിന്റെ ചിത്രം ഇതാ.

 
 
വിൻഡോസ് പതിപ്പുകളുടെ കോമ്പാലിബിലിറ്റി

വിൻഡോസ് XP, വിൻഡോസ് വിസ്റ്റ, വിൻഡോസ് 7 ഈ മൂന്നു് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ഇത് ഉപയോഗിച്ച് നോക്കിയിരുന്നു. ബ്രൗസർ, നോട്ട്പാഡ്, വേർഡ്, ബ്ലോഗിന്റെ കമെന്റ് ബോക്സ് തുടങ്ങി പരമാവധി ഇടങ്ങളിൽ ഇത് പരീക്ഷിച്ചു നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നു എന്ന് കണ്ടു.

2 പേർ മാത്രം ഇത് അവരുടെ വിസ്റ്റ/XPസിസ്റ്റത്തിൽ പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞു. അത് ഒരു പക്ഷെ അവരുടെ സിസ്റ്റത്തിന്റേത് മാത്രമായ പ്രശ്നം ആവാനാണു് സാദ്ധ്യത എന്ന് കരുതുന്നു. ഇൻസ്റ്റാളറിനു പകരം സിപ്പ് ഫയൽ എക്സ്ട്രാറ്റ് ചെയ്ത് നേരിട്ട് പ്രവർത്തിക്കാൻ ശ്രമിക്കൂ. ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പ്രവർത്തിപ്പിക്കാം എന്നതാണൂ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത.


കൂടുതൽ ഫീച്ചേർസും, ലേ ഔട്ടുകളും (ഉദാ: മിൻസ്ക്രിപ്റ്റ്, സ്വനലെഖ തുടങ്ങിയവ) ആവശ്യമെങ്കിൽ വഴിയേ ചേർക്കാവുന്നതേ ഉള്ളൂ. നിലവിൽ ഇത് കൊണ്ട് വിൻഡോസ് ഒ.എസ്. ഉപയോഗിക്കുന്നവരുടെ ടൈപ്പിങ്ങ് പ്രശ്നം മിക്കവാറും ഒക്കെ പരിഹരിച്ചു എന്ന് കരുതട്ടെ.

ഈ പേജിൽ പറഞ്ഞിരിക്കുന്ന ഡൗൺലോഡ് ലിങ്കുകളുടെ ഏറ്റവും പുതിയ വേർഷനുകൾ നോക്കാനായി നാരായം എന്ന ഗൂഗിൾ പേജ്  ഉപയോഗിക്കാം - നാരായം ലിങ്ക് ഇവിടെ.  കൂടാതെ അഞ്ജലി, മീര, രചന എന്നീ യൂണിക്കോഡ് മലയാളം ഫോണ്ടുകളും ഇവിടെനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കടപ്പാട്: അപ്പു എന്ന ബ്ലോഗർ നാമത്തിൽ ബൂലോകത്തറിയപ്പെടുന്ന ഷിബു കടശ്ശനാടിന്റെ ആദ്യാക്ഷരി എന്ന ബ്ലോഗിൽന്നിന്നും മലയാളത്തിലെ സാങ്കേതിക ചർച്ചാവേദിയായ സൈബർജാലകത്തിൽനിന്നും എടുത്ത് പോസ്റ്റ് ചെയ്തതാണീ ലേഖനം.

No comments: