കടപ്പാട്: അപ്പു എന്ന ബ്ലോഗർ നാമത്തിൽ ബൂലോകത്തറിയപ്പെടുന്ന ഷിബു കടശ്ശനാടിന്റെ ആദ്യാക്ഷരി എന്ന ബ്ലോഗിൽന്നിന്നും എടുത്തിട്ടുള്ളതാണീ ലേഖനം
നിങ്ങളിൽ ചിലരുടെയെങ്കിലും വെബ് ബ്രൌസറുകളിൽ മലയാളം ബ്ലോഗ് പോസ്റ്റുകൾ തുറക്കുമ്പോൾ ചില്ലക്ഷരങ്ങൾക്ക് ഒരു പ്രശ്നം ശ്രദ്ധിച്ചുട്ടുണ്ടാവുമല്ലോ. ചില്ലുകൾക്ക് പകരം ഒന്നുകിൽ ഒരു ചതുരം അല്ലെങ്കിൽ ഒരു Ⓡ ചിഹ്നം ആണ് പ്രത്യക്ഷപ്പെടുന്നത്. പലരും ഇത് അവരുടെ ബ്ലോഗിനു സംഭവിച്ച എന്തോ തകരാണെന്ന മട്ടിൽ ഇവിടെ പരാതിപ്പെട്ടുകണ്ടിട്ടുണ്ട്. മറ്റുചിലർ ധരിച്ചിരിക്കുന്നത് അവർ മലയാളം എഴുതാനായി ഉപയോഗിച്ച സോഫ്റ്റ്വെയറിന്റെ തകരാറാണെന്നാണ്. പക്ഷെ സംഗതി അതൊന്നുമല്ല എന്നതാണ് സത്യം!
മലയാളഭാഷ ഇന്റർനെറ്റിലേക്ക് കടന്നുവന്ന് ഇത്രയധികം ജനപ്രീതിനേടുവാൻ പ്രധാനമായ പങ്കുവഹിച്ചത് മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ വരവാണ്. യൂണിക്കോഡ് ഫോണ്ടുകളും യൂണിക്കോഡ് അല്ലാത്ത ഫോണ്ടുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഈ ബ്ലോഗിലെ യൂണിക്കോഡ് ഫോണ്ടുകൾ എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ ഭാഷകളെ അത്ര പിടിപാടില്ലാത്ത സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അത് ഒന്നുകൂടി പറയുവാൻ ശ്രമിക്കാം. കമ്പ്യൂട്ടർ ഉപയോഗിച്ച് നാം ഏതുഭാഷയിൽ ടൈപ്പ് ചെയ്യുമ്പോഴും, ഉപയോഗിക്കുന്ന കമ്പ്യൂട്ടർകീബോർഡ് ഒന്നുതന്നെയാണെങ്കിലും സ്ക്രീനിൽ തെളിയുന്ന ലിപികൾ മാറിമാറി വരുന്നത് എങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടൊ? ഒരു ഭാഷയിലെ ലിപികളെ കമ്പ്യൂട്ടർ മനസ്സിലാക്കുന്നത് രണ്ടുകാര്യങ്ങളിൽക്കൂടിയാണ്. (1) നമ്മൾ തെരഞ്ഞെടുത്തിരിക്കുന്ന ഇൻപുട്ട് രീതി - ഇതാണ് ഭാഷ ഏതാണെന്ന് കമ്പ്യൂട്ടറിന് പറഞ്ഞുകൊടുക്കുന്നത് (2) ഈ ഇൻപുട്ട് രീതിക്ക് അനുസരിച്ച് കീബോർഡിൽ നാം അമർത്തുന്ന ഓരൊ കീ കളുടെയും കോഡുകൾ. ഈ കോഡുകൾ ഒരു നമ്പർ ആയിരിക്കും.
ചുരുക്കത്തിൽ നാം കമ്പ്യൂട്ടറിൽ എഴുതുന്ന കഥയും കവിതയുമെല്ലാം കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം കുറേ നമ്പറുകൾ മാത്രമാണ്. ലോകത്തിലെ സർവ്വ ഭാഷകളിലേയും ലിപികളെ വെവ്വേറെ കോഡുനമ്പറുകളായാണ് കമ്പ്യൂട്ടർ മനസ്സിലാക്കുന്നത്. ഇങ്ങനെ യൂണിക്കോഡ് രീതിയിലുള്ള ലിപികൾക്ക് കോഡ് നമ്പർ നിശ്ചയിക്കുന്നത് യൂണിക്കോഡ് കൺസോർഷ്യം ആണ്. ഉദാഹരണത്തിന് മലയാളത്തിലെ ലിപികൾക്ക് യൂണിക്കോഡ് നിർവ്വചിച്ചിരിക്കുന്ന കോഡുകൾ എന്തൊക്കെയാണ് എന്ന് ഈ പേജിൽ കാണാം.
മലയാളത്തിലെ “അ” എന്ന അക്ഷരത്തിന്റെ കോഡ് നമ്പറുകൾ എങ്ങനെയൊക്കെയാണ് നിർവ്വചിച്ചിരിക്കുന്നതെന്നു നോക്കൂ. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരു ഭാഷയിലെ എല്ലാ യൂണിക്കോഡ് ഫോണ്ടുകളുടെയും ലിപികളുടെ കോഡിംഗ് ഒന്നുതന്നെ എന്നതാണ് - ഫോണ്ട് അഞ്ജലി ആയാലും കാർത്തിക ആയാലും മീര ആയാലും ഒരേ കോഡിംഗ് രീതി പിന്തുടർന്നെങ്കിലേ എഴുതിയിരിക്കുന്ന കാര്യം ഒരേ പോലെ ഡിസ്പ്ലേ ചെയ്യാൻ കമ്പ്യൂട്ടറിനാവുകയുള്ളൂ. അല്ലെങ്കിലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ - ചക്ക എന്ന് ഒരു ഫോണ്ടിൽ എഴുതിയ ടെക്സ്റ്റ് കൊക്ക് എന്ന് മറ്റൊരു ഫോണ്ടിൽ കണ്ടാൽ എങ്ങനെയിരിക്കും !!
യൂണിക്കോഡ് കൺസോർഷ്യം ഇങ്ങനെ ലിപികൾക്ക് കോഡുകൾ നിർവചിച്ചു വച്ചിരുന്ന കൂട്ടത്തിൽ ലോകത്തിലെ മറ്റു ഭാഷകളിലൊന്നും ഇല്ലാത്ത നമ്മുടെ ചില്ലുകൾക്ക് നേരത്തെ നൽകിയിരുന്ന സ്ഥാനം പുനക്രമീകരിച്ചു. അങ്ങനെ ചില്ലുകൾക്ക് ആദ്യകാലത്ത് ഉണ്ടായിരുന്ന കോഡ് നമ്പർ സ്ഥാനം ഇടയ്ക്ക് വച്ച് ഇല്ലാതെ പോയി. അതായത് ചില്ലുകൾക്ക് ആദ്യകാലത്ത് നിശ്ചയിച്ചിരുന്ന കോഡ് നമ്പർ പിന്നീട് ഒരു സമയത്ത് മറ്റു ചില കോഡുകളാക്കി മാറ്റി. ഫലമോ? ആദ്യ നിർവചനം അനുസരിച്ച് ഉണ്ടാക്കിയിരുന്ന മലയാളം യൂണിക്കോഡുകളിലെ ചില്ലുകളുടെ സ്ഥാനം മാറ്റപ്പെട്ടു. തന്മൂലം പഴയ ഫോണ്ടുകൾ ഉപയോഗിച്ച് എഴുതിയിരുന്ന മലയാളം ടെക്സ്റ്റുകൾ പിന്നീട് പുതിയ ഫോണ്ടുകളിൽ വായിക്കുമ്പോൾ ആ സ്ഥാനങ്ങൾ ചതുരവും വൃത്തവും ഏറ്റെടുത്തു.
അപ്പോൾ പ്രശ്നം ഇത്രയേ ഉള്ളു. നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം യൂണീക്കോഡ് ഫോണ്ട് ഏതാണ് ഡിഫോൾട്ട് സെറ്റിംഗിൽ ചെയ്തിരിക്കുന്നത് എന്നതനുസരിച്ചാണ് ചില്ലുകളെ ചതുരമായോ അല്ലാതെയോ കാണുന്നത്. ഈ പ്രശ്നം പരിഹരിക്കാനായി ഒരു ഞൊടുക്കു വിദ്യ നമ്മുടെ ഫോണ്ട് നിർമ്മിച്ച സുഹൃത്തുക്കൾ ചെയ്തു. ഉദാഹരണത്തിന് അജ്ഞലി ഓൾഡ് ലിപി ഫോണ്ടിന്റെ ഏറ്റവും പുതിയ വേർഷനിൽ ചില്ലുകളുടെ പഴയ സ്ഥാനങ്ങളിലും പുതിയ സ്ഥാനങ്ങളിലും ചില്ലക്ഷരങ്ങൾ ഉണ്ട്. അതുകൊണ്ട് അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ബ്രൌസറുകളിൽ സെറ്റ് ചെയ്തിരിക്കുന്നവർ ചില്ലിനെ ചതുരമായി കാണുകയില്ല. അതുപോലെ നിങ്ങൾ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് ഉപയോഗിച്ച് എഴുതുന്ന മലയാളം ടെക്സ്റ്റിലും ഈ പ്രശ്നം കണ്ടു എന്നു വരികയില്ല. പക്ഷേ നിങ്ങളുടെ പോസ്റ്റ് വായിക്കുന്ന മറ്റൊരു കമ്പ്യൂട്ടറിൽ ഇതുപോലെ അജ്ഞലി ഓൾഡ് ലിപി ആവണം എന്നില്ല ഡിഫോൾട്ട് മലയാളം ആയി സെറ്റ് ചെയ്തിരിക്കുന്നത്. പകരം കാര്ത്തി ക, ഏരിയൽ യൂണിക്കോഡ്, രചന മുതലായ ഫോണ്ടുകളിൽ ഏതെങ്കിലും ആവാം. അവർ നിങ്ങളുടെ പോസ്റ്റുകൾ അവരുടെ കമ്പ്യൂട്ടറിൽ തുറക്കുമ്പോൾ ചില്ലുകൾക്ക് പകരം ചതുരം കാണുകയും ചെയ്യും. അതായത് ‘ര്‍’,‘ല്‍’,‘ള്‍,‘ന്‍’,‘ണ്‍’ - ഈ അക്ഷരങ്ങള്‍ അവര്ക്ക് തിരിച്ചറിഞ്ഞു വായിക്കാനാവില്ല!
നിങ്ങളുടെ സിസ്റ്റത്തിലെ ഫോണ്ടിന് പ്രശ്നം ഉണ്ടോ?
ഇത് നോക്കുവാനുള്ള എളുപ്പവഴി പറയാം. നിങ്ങളുടെ വെബ് ബ്രൌസറിൽ ഡിഫോൾട്ട് മലയാളം ഫോണ്ടായി അഞ്ജലി ഓൾഡ് ലിപിക്ക് പകരം മറ്റൊരു യൂണീക്കൊഡ് മലയാളം ഫോണ്ട് സെലക്റ്റ് ചെയ്യുക. ഉദാഹരണത്തിന് രചന, മീര ഇവയിലേതെങ്കിലും ഡിഫോൾട്ട് ഫോണ്ട് ആയി തൽക്കാലത്തേക്ക് സെറ്റ് ചെയ്യൂ. (എങ്ങനെ എന്ന് ഈ ബ്ലോഗിലെ മാനുവലായി ഫോണ്ട് സെറ്റ്
ചെയ്യാം എന്ന അദ്ധ്യായത്തിലുണ്ട്). ഇനി നിങ്ങളുടെ തന്നെ ഒരു ബ്ലോഗ് പോസ്റ്റും അതിലെ കമന്റുകളും നോക്കൂ. ചില്ലുകൾക്ക് പകരം ചതുരം കാണുന്നുണ്ടോ? ഉണ്ടെങ്കിൽ പെട്ടു എന്നർത്ഥം! ഇല്ലെങ്കിൽ പ്രശ്നമൊന്നുമില്ല.
പ്രശ്നം പരിഹരിക്കുന്നത് എങ്ങനെ?
നിങ്ങൾ എഴുതാനുപയോഗിക്കുന്ന അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ഏറ്റവും പുതിയ വേർഷൻ ആണോ എന്നു നോക്കുക. ഇത് ചെയ്യുവാൻ C:/windows/fonts എന്ന ഫോൾഡറിലേക്ക് പോയി, അവിടെയുള്ള അജ്ഞലി ഓൾഡ് ലിപി എന്ന ഫോണ്ട് ഫയലിൽ മൌസ് റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. അവിടെ Size on disk : 424 kb എന്നാണോ കാണുന്നത് എന്നു നോക്കുക. അല്ലെങ്കിൽ, നിങ്ങളുടെ സിസ്റ്റത്തിലുള്ള ഫോണ്ട് വേർഷൻ ഏറ്റവും പുതിയതല്ല എന്നുമനസ്സിലാക്കാം.
അങ്ങനെ അല്ലെങ്കിൽ വിന്റോസ് ഫോണ്ട്സ് ഫോൾഡറിലെ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ഡിലീറ്റ് ചെയ്യുക. അതിനുശേഷം താഴെക്കാണുന്ന ലിങ്കുകളിൽ നിന്ന് പുതിയ വേർഷൻ ഡൌൺലോഡ് ചെയ്ത് വിന്റോസ് ഫോണ്ട്സ് ഫോൾഡറിൽ സേവ് ചെയ്യാം. ഒപ്പം രചന, മീര ഫോണ്ടുകളുടെ ചില്ലു പ്രശ്നം പരിഹരിച്ച വേർഷൻ സിബു തയ്യാറാക്കിയതും (11-2-2010) അതിനുതാഴെയുള്ള ലിങ്കിൽ നിന്ന് ലഭിക്കും. അവയും നിങ്ങളുടെ സിസ്റ്റത്തിൽ സേവ് ചെയ്യാവുന്നതാണ്. ഇനി പഴയതുപോലെ ഡിഫോൾട്ട് ഫോണ്ട് മാറ്റിയിട്ട് നിങ്ങളുടെ പോസ്റ്റുകൾ നോക്കൂ. (ഫോണ്ട് ഇൻസ്റ്റലേഷൻ കഴിഞ്ഞ് ബ്രൌസർ അടച്ചു വീണ്ടും തുറക്കണം- എന്നിട്ടേ ഫോണ്ട് മാറ്റം പരീക്ഷിക്കാവൂ).
അഞ്ജലി ഓൾഡ് ലിപി
കാർത്തിക (ഇത് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിറ്റത്തിൽ ഉണ്ട്)
രചന, മീര (ചില്ല് പ്രശ്നം പരിഹരിച്ച വേർഷൻ 11-ഫെബ്രുവരി-2010)
അതുപോലെ വരമൊഴി എഡിറ്റർ ഉപയോഗിച്ച് ആരെങ്കിലും എഴുതുന്നുണ്ടെങ്കിൽ അതിന്റെ വേർഷൻ പരിശോധിക്കുക. 1.08.02 ആണ് ഏറ്റവും പുതിയ വേർഷൻ.
മറ്റ് പോസ്റ്റുകൾ വായിക്കുമ്പോൾ ചതുരം കാണുന്നുവെങ്കിൽ:
നിങ്ങളുടെ ബ്രൌസർ സെറ്റിംഗ് ശരിയായി ചെയ്തിട്ടുണ്ടോ എന്നുനോക്കുക. ഡിഫോൾട്ടായി ചില്ലു പ്രശ്നം പരിഹരിച്ച ഫോണ്ടിൽ ഏതെങ്കിലും ഒന്ന് സെറ്റ് ചെയ്യുക. പോസ്റ്റ് എഴുതിയ ആളെ നിങ്ങൾക്ക് അറിയിക്കുകയുമാവാം - അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ പുതിയ വേർഷൻ ഫോണ്ടുകൾ സേവ് ചെയ്യുവാനും, പഴയവയെ ഡിലീറ്റ് ചെയ്യുവാനും ആവശ്യപ്പെടാം.
ഗൂഗിൾ ക്രോം ചതുരങ്ങൾ:
ഗൂഗിൾ ക്രോമിൽ മലയാളം എഴുതുന്നവർ ചില പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ചില കമ്പ്യൂട്ടറുകളെ ക്രോമിൽ കീമാൻ, ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ, ഗൂഗിൾ മലയാളം ഇൻപുട്ട് ഇതിൽ ഏതുപയോഗിച്ച് എഴുതിയാലും ചതുരങ്ങളേ വരൂ ! മറ്റു ചില കമ്പ്യൂട്ടറുകൾ ചില ഫീൽഡുകളിലാണ് ക്രോമിനു പ്രശ്നം. ഉദാഹരണം ജി.മെയിലിൽ അഡ്രസ് എഴുതുന്ന ഫീൽഡിൽ കുഴപ്പമില്ല, ലെറ്ററിന്റെ മാറ്റർ എഴുതാനുള്ള ഫീൽഡിൽ കുഴപ്പമാണ്! ബ്ലോഗ് പോസ്റ്റിന്റെ ടൈറ്റിൽ ഫീൽഡിൽ പ്രശ്നം, കണ്ടന്റ് ഫീൽഡിൽ പ്രശ്നമില്ല. മറ്റു ചില ക്രോമുകളിൽ ചില്ലിനു പകരം ചതുരം വരും. മറ്റു ചിലവയിൽ എഴുത്ത് എഴുതുമ്പോൾ വരുന്ന മലയാള ഫോണ്ടല്ല Sent ഫോൾഡറിൽ കാണുന്നത്. ഗൂഗിൾ ക്രോം കാർത്തിക യൂണിക്കോഡ് ഫോണ്ട് ഡിഫോൾട്ടായി സെലക്റ്റ് ചെയ്യുന്നതുകൊണ്ടാണിത് എന്ന് തോന്നുന്നു.
ഇത് പരിഹരിക്കാൻ ഞാൻ ചെയ്യാറുള്ളത് മെതേഡ്, ജി.മെയിലിൽ ആണെങ്കിൽ എഴുതാൻ തുടങ്ങുന്നതിനു മുമ്പ് ഫോണ്ട് എന്ന ഐക്കണിൽ നിന്ന് San Serif സെലക്റ്റ് ചെയ്തിട്ട് എഴുത്തു തുടങ്ങുക എന്നതാണ്. അതിനുശേഷം പ്രശ്നം ഉണ്ടാവുകയില്ല. അഞ്ജലി ഓൾഡ് ലിപി ഫോണ്ട് തന്നെ ഉപയോഗിച്ച് എഴുതാം.
G - Talk ചതുരം:
മലയാളത്തിൽ ചാറ്റിംഗിന് ഒരുങ്ങുന്നവർ മറ്റൊരു കാര്യം ശ്രദ്ധിച്ചുകാണും. ജിമെയിലിനിന്ന് മലയാളത്തിൽ ചാറ്റാൻ ഒരു പ്രശ്നംവും ഇല്ല. എന്നാൽ ജി. ടോക്കിൽ ചതുരം! എഴുതുന്ന ഫീൽഡിൽ ചതുരം. എന്റർ അടിച്ചു കഴിഞ്ഞാൽ മലയാളം. ഇത് എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ്. ജി.ടാക്കിൽ സെറ്റിംഗ്സ് എന്നൊരു ലിങ്ക് കാണാം, വിന്റോയുടെ മുകളിൽ വലതു മൂലയ്ക്ക്. അതിൽ ക്ലിക്ക് ചെയ്യുക. Change font എന്നൊരു ബട്ടൺ ഉണ്ടാവും പുതിയ വിന്റോയിൽ. അതിൽ ക്ലിക്ക് ചെയ്ത് ഫോണ്ട് അജ്ഞലി ഓൾഡ് ലിപി എന്നു മാറ്റുക. OK, OK ക്ലിക്ക് ചെയ്തു പുറത്തുപോരൂ. പ്രശ്നം കഴിഞ്ഞില്ലോ, അല്ലേ.
കടപ്പാട്: അപ്പു എന്ന ബ്ലോഗർ നാമത്തിൽ ബൂലോകത്തറിയപ്പെടുന്ന ഷിബു കടശ്ശനാടിന്റെ ആദ്യാക്ഷരി എന്ന ബ്ലോഗിൽന്നിന്നും എടുത്തിട്ടുള്ളതാണീ ലേഖനം
No comments:
Post a Comment